തിരുവനന്തപുരം: കരകുളം തിരഞ്ഞെടുപ്പ് സമവാക്യങ്ങളിൽ എന്നും ഇടത്തേക്കു ചാഞ്ഞുനിൽക്കുന്ന പഞ്ചായത്താണ് കരകുളം. 1956-ൽ സ്വകാര്യ സ്വത്തെല്ലാം പഞ്ചായത്തിന് വിട്ടുകൊടുത്ത് പൊതുരംഗത്തെത്തിയ കുഞ്ഞൻപിള്ളയെന്ന ദീർഘവീക്ഷണമുള്ള സ്വാതന്ത്ര്യസമരസേനാനിയാണ് കരകുളം പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ്.
തുടർന്നുവന്ന മുല്ലശ്ശേരി ഗോപാലകൃഷ്ണനും എണ്ണശ്ശേരി സുദർശനൻനായരും തിരിച്ചിറ്റൂർ കൃഷ്ണൻനായരും ഡി.വിശ്വംഭരനും പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റിയപ്പോഴും ഭരണം ചുവപ്പിന്റെ തണലിലാണ് നിന്നത്. 23 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ വേറ്റിക്കോണം എന്ന പുതിയൊരു വാർഡുകൂടി ഇത്തവണയുണ്ട്.
ജില്ലാ, ബ്ലോക്ക് ഭാരവാഹികളെ മുഴുവൻ കോൺഗ്രസ് മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് അജിത്ത് ചെക്കക്കോണം വാർഡിലും പത്തുവർഷം വാർഡ് അംഗമായിരുന്ന ആർ.സുശീന്ദ്രൻ കിഴക്കേല വാർഡിലും ഡിസിസി അംഗം കാച്ചാണി സജീവ് വേറ്റിക്കോണത്തും കായ്പാടി അമീനുദ്ദീൻ വേങ്കോടുമാണ് മത്സരിക്കുന്നത്.
പ്രമുഖ നേതാക്കളായ മരുതൂർ വിജയൻ മരുതൂർ വാർഡിലും വട്ടപ്പാറ ഓമന വട്ടപ്പാറയിലും രാജൻ സേവ്യർ മുതി ശാസ്താംകോട് വാർഡിലും വാശിയേറിയ പോരാട്ടത്തിലാണ്.
എൽഡിഎഫിൽ 24 വാർഡുകളിൽ ആറെണ്ണത്തിൽ സിപിഐയും 18 എണ്ണത്തിൽ സിപിഎമ്മും മത്സരിക്കുന്നുണ്ട്.
ഏരിയാ കമ്മിറ്റി അംഗം അജിത്ത് കുമാർ തറട്ട വാർഡിലും മുൻ ബ്ലോക്ക് പ്രസിഡന്റ് മരുതൂർ വിജയൻ മരുതൂർ വാർഡിലും കെഎസ്കെടിയു ഏരിയാ കമ്മിറ്റിയംഗം സന്തോഷ് കുമാർ ചെക്കക്കോണം വാർഡിലും നിലവിലെ ബ്ലോക്ക് വൈസ് പ്രസിഡന്റ് വൈശാഖ് പ്ലാത്തറ വാർഡിലും നെടുമ്പാറ വാർഡിൽ ലോക്കൽ കമ്മിറ്റി അംഗം ചന്ദ്രനും ജില്ലാ കമ്മിറ്റിയംഗം രാജീവ് മുദി ശാസ്താംകോട് വാർഡിലും ജനവിധി തേടുകയാണ്.
2015-ലെ ഭരണസമിതിയിൽ ബിജെപിക്ക് മൂന്നംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ പഞ്ചായത്തിൽ ബിജെപി അംഗങ്ങളില്ല. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തെത്തിയ ഏണിക്കര, കരകുളം, നെടുമൺ, നെടുമ്പാറ, കഴുനാട്, പ്ലാത്തറ തുടങ്ങിയ വാർഡുകളിലെല്ലാം ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.
നെടുമ്പാറ വാർഡിൽ ബിജെപി നാഷണൽ കൗൺസിൽ അംഗം കല്ലയം വിജയകുമാർ, ഏരിയാ കമ്മിറ്റി പ്രസിഡന്റ് സജിന അജിത്ത് എന്നിവർ സ്ഥാനാർഥികളാണ്.
നിലവിൽ 23 വാർഡുകളുള്ളതിൽ കല്ലയം, നെടുമ്പാറ, ചെക്കക്കോണം എന്നിവ മാത്രമാണ് കോൺഗ്രസിന് ഉള്ളത്. ബാക്കി 20 സീറ്റുകളും എൽഡിഎഫിനാണ്.
കക്ഷിനില ആകെ വാർഡുകൾ 23 എൽഡിഎഫ് 20 (സിപിഎം- 15 , സിപിഐ-5) കോൺഗ്രസ് 3.






