കോട്ടയം : കുമരകത്തു ടൂറിസം സീസണായതോടെ വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു. വിദേശ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂടുതലും ഇവിടെ എത്തുന്നത്. ഈ മാസം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവാഹച്ചടങ്ങുകൾക്ക് ഇവിടെ നടക്കും.
കഴിഞ്ഞ ആഴ്ചയിൽ സിങ്കപ്പൂർ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവാഹഘോഷങ്ങൾ ഇവിടെ നടന്നു. ലേക്ക് സോങ്, നിരാമയ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവാഹം നടന്നത്. ലേക് സോങ് റിസോർട്ടിൽ ഓസ്ട്രേലിയൻ പ്രവാസികളുടെ മകളുടെയും, ശ്രീലങ്കയിൽ നിന്നുള്ള യുവാവിന്റെയും അതോടൊപ്പം നിരാമയ റിസോർട്ടിൽ സിങ്കപ്പൂരിൽനിന്ന് എത്തിയ യുവാവിന്റെയും യുവതിയുടെയും വിവാഹച്ചടങ്ങാണു നടന്നത്
ക്രിസ്മസ്– പുതുവത്സരാഘോഷങ്ങൾക്കായുള്ള ബുക്കിങ് ഏതാണ്ട് പൂർത്തിയായിവരുന്നു. വിദേശ വിനോദ സഞ്ചാരികൾ കുമരകത്തിന്റെയും പരിസര ഗ്രാമങ്ങളുടെയും പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സൈക്കിളിലാണ് യാത്ര ചെയ്യുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘത്തിന് ഹൗസ് ബോട്ട് യാത്രയിലാണ് കൂടുതൽ താൽപര്യം. ഡെസ്റ്റിനേഷൻ വെഡിങിന് അനന്തസാധ്യതകളാണുള്ളതെന്നും അതിനാൽ ഇത്തരം കൂടുതൽ ഇവന്റുകൾക്കു കുമരകം വേദിയാകുമെന്നും ലേക് സോങ് മാനേജർ കെ. അരുൺകുമാർ പറഞ്ഞു.






