കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കാനുദ്ദേശിക്കുന്ന 34 ഇന കർമ്മ പദ്ധതികൾ ഉൾപ്പെടുത്തി പ്രകടന പത്രിക പുറത്തിറക്കി. കുമരകത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കെ.സി. ജോൺ കുന്നക്കരിക്ക് നൽകി മണ്ഡലം പ്രസിഡൻ്റ് സി.ജെ. സാബുവാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
കുമരകത്തെ മുഴുവൻ ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്നും, തോടുകൾ ആഴം കൂട്ടി ഉൾനാടൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ഉൾനാടൻ ടൂറിസത്തിൻ്റെ ഭാഗമായി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കും, അതുപോലെ ദിശാബോർഡുകളും വഴി വിളക്കുകളും സ്ഥാപിക്കുന്നതിന് ഏജൻസിയെ നിയമിക്കുകയും ചെയ്യും.
കുടിവെള്ളം എല്ലാ പ്രദേശങ്ങളിലും കൃത്യമായി എത്തിക്കുക, അപകടാവസ്ഥയിലായ പാലങ്ങൾ പൊളിച്ച് പുതിയ പാലങ്ങൾ നിർമ്മിക്കുക, മത്സ്യത്തൊഴിലാളികൾക്കായി തോട്ടുമുഖത്തും പ്രധാന തോടുകളിലും ദിശാസൂചകമായ സോളാർ ലൈറ്റുകൾ സ്ഥാപിക്കുക എന്നിവയും പ്രധാന വാഗ്ദാനങ്ങളാണ്.
വേമ്പനാട്ടുകായലിലെ പോളശല്യത്തിന് ശാശ്വത പരിഹാരം കാണാൻ കൂട്ടായ ആലോചനയിലൂടെ നിർദ്ദേശങ്ങൾ നടപ്പാക്കും. കൂടാതെ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽദിനം ഉറപ്പാക്കുന്നതിനും, സമ്മതമില്ലാതെ സംഘടന പരിപാടികൾക്ക് കൊണ്ടുപോകുന്നത് അവസാനിപ്പിക്കുന്നതിനും യുഡിഎഫ് നടപടി സ്വീകരിക്കും. യുവതി യുവാക്കൾക്ക് തൊഴിൽ ചെയ്യാനുള്ള സഹായങ്ങളും ക്ലാസ്സുകളും നൽകി പ്രോത്സാഹിപ്പിക്കും. കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ സമഗ്ര വികസനം നടപ്പാക്കുന്നതിനും രാത്രികാലങ്ങളിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനും 2021-ൽ തിരിച്ചുകൊണ്ടുപോയ 108 ആംബുലൻസ് തിരികെ കൊണ്ടുവരുന്നതിനും നടപടിയെടുക്കും.
നീണ്ട കാലത്തെ സ്വപ്നമായ തിരുവാർപ്പ് അട്ടിപ്പീടിക റോഡ് നിർമ്മാണത്തിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും, കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസ്സുകൾ രാത്രികാലങ്ങളിൽ കുമരകം വഴി പോകുന്നതിനായി ചർച്ച നടത്തുമെന്നും പത്രിക ഉറപ്പുനൽകുന്നു




