കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ തുടരന്വേഷണ റിപ്പോർട്ട് കണ്ണൂർ ടൗൺ പോലീസ് വിചാരണ കോടതിയിൽ സമർപ്പിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടന്നത്.
കോടതി കഴിഞ്ഞ മെയ് 16-ന് തുടരന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകിയിരുന്നു . അതിനിടെ, പുതുതായി സമർപ്പിച്ച റിപ്പോർട്ടിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് രേഖകളും പരിശോധിച്ചതായി രേഖപ്പെടുത്തി. കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയം വെച്ച് വായ്പ എടുത്ത രേഖകളും റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
എഡിഎമ്മിന്റെ ക്വാർട്ടേഴ്സിനടുത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ പൂർണ രൂപവും സമർപ്പിച്ചിരിക്കുകയാണ്. പ്രോസിക്യൂഷൻ കോടതിയിൽ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു.
കേസിലെ ഏക പ്രതിയായ പി.പി. ദിവ്യയുടെ ഔദ്യോഗിക നമ്പർ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. ദീർഘകാല കോൾ രേഖകൾ ലഭ്യമാക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. മുഴുവൻ സിഡിആർ രേഖകളും ലഭ്യമാക്കാമോ എന്ന് കോടതി അന്വേഷിച്ചു.
നവീൻ ബാബുവിനെതിരായ വിജിലൻസ് പരാതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴികളും പുതിയ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




