ലോകകപ്പിന് മുൻപ് തൊട്ടേ ആരാധകരാക്കിടയിൽ ചർച്ചയായിരുന്നു തത്സമയ മത്സരങ്ങൾ എവിടെ കാണാൻ കഴിയുമെന്നത്. എന്നാൽ ഇപ്പോൾ, അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി 2026 ജൂൺ 12ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് പ്രമുഖ യൂട്യൂബ് ചാനൽ കാസെ ടിവി പ്രഖ്യാപിച്ചു.
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്പോർട്സ് മീഡിയ സ്ഥാപനമായ ലൈവ് മോഡുമായി ചേർന്നാണ് കാസെ ടിവി ഈ സംപ്രേഷണാവകാശം ഉറപ്പാക്കിയിരിക്കുന്നത്. എന്നാൽ ഈ സൗജന്യ സംപ്രേഷണം ബ്രസീൽ പ്രേക്ഷകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
2022-ൽ ബ്രസീലിയൻ യൂട്യൂബറും സ്ട്രീമറുമായ കാസിമിറോ മിഗേൽ ആരംഭിച്ച കാസെ ടിവി, ലൈവ് മോഡുമായി സഹകരിച്ച് 2026 ലോകകപ്പിലെ 104 മത്സരങ്ങളും 4K നിലവാരത്തിൽ ലൈവ് സ്ട്രീം ചെയ്യാനാണ് പദ്ധതിയിടുന്നത്. മത്സരങ്ങളോടൊപ്പം ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ, പ്രത്യേക ഷോകൾ, യുവ പ്രേക്ഷകരെ ലക്ഷ്യമിട്ട ഇന്ററാക്ടീവ് പരിപാടികൾ എന്നിവയും ലഭ്യമാകും.
എന്നാൽ ഡിജിറ്റൽ സംപ്രേഷണാവകാശം ബ്രസീലിനായി മാത്രമായി അനുവദിച്ചിരിക്കുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ആരാധകർക്ക് ഈ സൗജന്യ ലൈവ് സ്ട്രീം ലഭ്യമാകില്ല. ഇന്ത്യയിൽ നിന്ന് യൂട്യൂബിലോ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ ഈ ചാനൽ വഴി മത്സരങ്ങൾ കാണാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.





