മുംബൈ: ഈ വര്‍ഷം ജപ്പാനില്‍ അരങ്ങേറുന്ന ഏഷ്യന്‍ ഗെയിംസിലെ ടി20 മുന്‍നിര്‍ത്തി 30 അംഗ താരങ്ങളുടെ പട്ടിക ബിസിസിഐ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു കൈമാറിയെന്നു വിവരം. ഈ വര്‍ഷം സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ആയ്ചി നഗോയയിലാണ് ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങള്‍. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരം. ഇതേ സമയത്ത് തന്നെ നാട്ടില്‍ വെസ്റ്റിന്‍ഡീസുമായി പരമ്പരയുള്ളതിനാല്‍ പ്രധാന താരങ്ങളുണ്ടാകില്ല.
പട്ടികയില്‍ ടെസ്റ്റ്, ഏകദിന നായകന്‍ ശുഭ്മാന്‍ ഗില്‍, ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇടംപിടിച്ചിട്ടില്ല. ഐപിഎല്ലില്‍ മിന്നും ഫോമിലുള്ള 15കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അടക്കമുള്ള താരങ്ങളുണ്ട്. ഈ 30 പേരില്‍ നിന്നായിരിക്കും ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ അന്തിമ സംഘത്തെ തിരഞ്ഞെടുക്കുക. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരില്‍ ഒരാള്‍ ക്യാപ്റ്റനാകും എന്നത് ഉറപ്പാണ്.




