കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ ഡിസംബർ അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം 11,837 അനധികൃത പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ നിയമപരമല്ലാതെയോ അനുമതിയില്ലാതെയോ സ്ഥാപിച്ച ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവയും ഹരിതചട്ടം പാലിക്കാത്ത വസ്തുക്കളുമാണ് പ്രധാനമായും നീക്കം ചെയ്തത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ പ്രചാരണ പ്രവർത്തനങ്ങളിൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. ജില്ലാ, താലൂക്ക് തലങ്ങളിലാണ് സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. ജില്ലാതലത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തും താലൂക്ക് തലത്തിൽ അതത് തഹസിൽദാർമാരുമാണ് നേതൃത്വം നൽകുന്നത്.






