പാലക്കാട്: ആലത്തൂർ വനങ്ങളുടെ സ്വാഭാവികത നഷ്ടമായതാണ് മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ മൂലകാരണമെന്ന് വനംവകുപ്പ്. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനപദ്ധതി നടപ്പാക്കുകയാണ്. വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടതിനാൽ വനത്തിനുള്ളിൽ തീറ്റയും വെള്ളവും ഇല്ലാതായതാണ് വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
പരിസ്ഥിതിക്കും വനത്തിലെ ആവാസവ്യവസ്ഥയ്ക്കും ഭീഷണിയായ അധിനിവേശ സസ്യങ്ങളെയും വൃക്ഷങ്ങളെയും ഘട്ടംഘട്ടമായി ഇല്ലാതാക്കി വനത്തിന് സ്വാഭാവികത തിരികെനൽകുന്നതാണ് പദ്ധതി. ജീവജാലങ്ങൾക്ക് വെള്ളം ഉറപ്പാക്കാൻ 1,434 ചെറു തടയണകളും തടാകങ്ങളും നിർമിക്കും. 574 നീരുറവകളിൽ ചെളിനീക്കും.
വനത്തിൽ നട്ടുപിടിപ്പിച്ച അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ്, സെന്ന, ഓറിക്കിലോ ഫോർമിസ് തുടങ്ങിയ വിദേശ ഇനങ്ങൾ നശിപ്പിക്കും. പുറംതോൽ ചെത്തിമാറ്റി ഉണക്കി നശിപ്പിക്കയാണ് ചെയ്യുക. ഇവ പിന്നീട് മുറിച്ചുമാറ്റും. മുള, ഈറ്റ, പ്ലാവ്, നെല്ലി, കമ്പകം, പൂവം, താന്നി, വേപ്പ്, ഞാവൽ, വട്ട, സീതപ്പഴം, മാവ്, പുന്ന, മലവേപ്പ് തുടങ്ങിയ തദ്ദേശീയ ഇനങ്ങൾ പകരം വെച്ചുപിടിപ്പിക്കും. തേക്ക് നടുന്നത് തുടരും.
സംസ്ഥാനത്തെ ഏഴ് വനം സർക്കിളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 5,585.57 ഹെക്ടറിൽ തുടക്കമായി. 1,346.54 ഹെക്ടർ സ്വാഭാവിക വനമായി പുനഃസ്ഥാപിച്ചു. സതേൺ സർക്കിൾ-235 ഹെക്ടർ, ഹൈറേഞ്ച് സർക്കിൾ-195.22 ഹെക്ടർ, സെൻട്രൽ സർക്കിൾ-447.55 ഹെക്ടർ, നോർത്തേൺ സർക്കിൾ-107.27 ഹെക്ടർ, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്-50 ഹെക്ടർ, ഫീൽഡ് ഡയറക്ടറേറ്റ് കോട്ടയം-311.50 ഹെക്ടർ വീതം ആദ്യഘട്ടം പൂർത്തിയായതായി അധികാരികൾ പറഞ്ഞു.










