തൃശൂർ: പൈതൃകം സൈനിക സമിതിയുടെ ആഭിമുഖ്യത്തിൽ വിജയ് ദിവസ് ആചരണം ഡിസംബർ 16ന് ഗുരുവായൂരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗാന്ധി പ്രതിമയ്ക്ക് സമീപം പുഷ്പാർച്ചനയോടെ യോഗം ആരംഭിക്കും. ചടങ്ങിനായി അമർജവാൻ സ്‌തൂപവും പ്രത്യേകമായി ഒരുക്കും.
പരിപാടിയുടെ ഉദ്ഘാടനം ലെഫ്റ്റ് കേണൽ സി.കെ. ബാബു നിർവ്വഹിക്കും. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തു രാഷ്ട്രപതിയിൽ നിന്നും വൈ.എസ്.എം പുരസ്‌കാരം നേടിയ ബ്രിഗേഡിയർ സുബ്രഹ്മണ്യൻ അധ്യക്ഷനായിരിക്കും. സൈന്യത്തിൽ പ്രത്യേക സേവനം നൽകിയ സർജന്റ് മനോജ്, ഹവിൽദാർ രവീന്ദ്രനാഥൻ, സർജന്റ് ജയകൃഷ്ണൻ എന്നിവർക്ക് ചടങ്ങിൽ ആദരം ലഭിക്കും.
അതിനൊപ്പം മേജർ സ്റ്റെജു മാസ്റ്ററുടെ നേതൃത്വത്തിൽ എൻ.സി.സി കേഡറ്റുകളുടെ പരേഡും നടക്കും. വാർത്താസമ്മേളനത്തിൽ സൈനിക സേവാ സമിതി കൺവീനർ കെ.കെ. വേലായുധൻ, കോർഡിനേറ്റർ അഡ്വ. രവിചങ്കത്ത്, ട്രഷറർ കെ. സുഗതൻ, കെ.വി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.






