കോട്ടയം: ഓഫ് റോഡ് ജീപ്പിന്റെ വളയം പിടിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങിയ അധ്യാപിക റിയ ചീരാംകുഴിക്ക് വിജയം. പാലാ നഗരസഭ കവീകുന്ന് എട്ടാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ റിയ തൊണ്ണൂറ്റിയെഴു വോട്ടുകൾക്കാണ് കേരള കോൺഗ്രസ് (മാണി) വിഭാഗം സ്ഥാനാർഥി ഷിന്നി തോമസിനെ പരാജയപ്പെടുത്തിയത്.
തന്റെ പിതാവ് ബിനോ പകർന്നു നൽകിയ ജീപ്പ് റേസിങ് കമ്പം റിയയെ എത്തിച്ചത് ഓഫ് റോഡിങ്ങിന്റെ ലോകത്താണ്. ജീപ്പ് റേസ് മത്സരങ്ങൾക്കു നിറസാന്നിധ്യമായ റിയവിജയത്തോടെ പാലായുടെ മണ്ണിൽ യുവത്വത്തിന്റെ പ്രതീകം കൂടിയായി മാറുകയാണ്.
പതിനെട്ടു വയസ്സായപ്പോൾ ലൈസൻസ് എടുത്തതാണ് റിയ. അതിനുശേഷം ഓഫ് റോഡ് ഇവന്റുകളില്ലാം മത്സരിക്കാൻ പോകുമായിരുന്നു. ഇരുപത്തിരണ്ടു വയസ്സായപ്പോൾ ഹെവി ലൈസൻസ് എടുത്ത് ഹെവി വാഹനങ്ങൾ ഓടിക്കാൻ തുടങ്ങി. ഓഫ് റോഡ് ജീപ്പ് റേയ്സ് മത്സരങ്ങളിലൊക്കെ ഇപ്പോൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്.




