കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ ചെയർമാനായി കോൺഗ്രസ് നേതാവ് ടോമി കുരുവിള പുളിമാൻതുണ്ടം അധികാരമേൽക്കാൻ സാധ്യതയേറി. മുന്നണിയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും, കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും മുൻ കൗൺസിലറും മുതിർന്ന നേതാവുമായ ടോമിയുടെ പേരാണ് ഈ സ്ഥാനത്തേക്ക് ഏവരും നിർദ്ദേശിക്കുന്നത്. നഗരസഭയിലെ 26-ാം വാർഡായ കാരിത്താസിൽ നിന്ന് കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി അഡ്വ. സിബി വെട്ടൂരിനെ 188 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ടോമി ഇത്തവണ വിജയം നേടിയത്. ടോമിക്ക് 292 വോട്ടുകളും സിബിക്ക് 104 വോട്ടുകളുമാണ് ലഭിച്ചത്.
36 വാർഡുകളുള്ള ഏറ്റുമാനൂർ നഗരസഭയിൽ 21 സീറ്റുകൾ പിടിച്ചെടുത്താണ് യുഡിഎഫ് ഇത്തവണ വ്യക്തമായ ഭരണം ഉറപ്പാക്കിയത്. യുഡിഎഫ് സഖ്യകക്ഷിയായ കേരളാ കോൺഗ്രസ് (ജോസഫ്) നേതാവ് സിബി ചിറയിൽ ടോമിക്ക് പിന്നാലെ ചെയർപേഴ്സൺ സ്ഥാനം പങ്കിടും. കൂടാതെ, വൈസ് ചെയർപേഴ്സൺ സ്ഥാനം കേരളാ കോൺഗ്രസ് (ജോസഫ്) പ്രതിനിധിയും കോൺഗ്രസ് അംഗവും രണ്ട് ടേമുകളിലായി പങ്കുവെക്കും. യുഡിഎഫിന്റെ കക്ഷിനില കോൺഗ്രസ് (ഐ) – 15, കേരളാ കോൺഗ്രസ് (ജെ) – 6 എന്നിങ്ങനെയാണ്. എൽഡിഎഫിന് ആറും എൻഡിഎയ്ക്ക് ഏഴും സീറ്റുകളാണുള്ളത്. രണ്ട് സ്വതന്ത്രരും വിജയിച്ചു
തദ്ദേശസ്ഥാപനങ്ങളിൽ പ്രതിപക്ഷ നേതാവ് എന്ന തസ്തിക നിലവിലില്ലാത്തതിനാൽ, ഭരണസമിതിയിൽ വിജയിച്ച 36 അംഗങ്ങളും വിവിധ സ്ഥിരം സമിതികളിൽ അംഗങ്ങളായി ഭരണചക്രം തിരിക്കുന്നതിൽ പങ്കാളികളാകും. അതേസമയം, ഓരോ കക്ഷിക്കും അവരുടെ പാർലമെന്ററി പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കാൻ സാധിക്കും. എൽഡിഎഫിലെയും എൻഡിഎയിലെയും സ്വതന്ത്രരടക്കമുള്ള 15 പേർ പ്രതിപക്ഷമായി തുടരുമെങ്കിലും ഭരണപരമായ കാര്യങ്ങളിൽ പങ്കാളികളാകും.




