കോഴിക്കോട്: സരോവരത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയ അസ്ഥികൾ ആറുവർഷം മുൻപ് കാണാതായ വെസ്റ്റ്ഹിൽ സ്വദേശി വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ ഫൊറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് അസ്ഥികൾ വിജിലിന്റേതാണെന്ന് കണ്ടെത്തിയത്.
2019 മാർച്ചിലാണ് വെസ്റ്റ്ഹിൽ സ്വദേശി വിജിലിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. അന്ന് പോലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് അന്വേഷണം നിലച്ചു. ഒടുവിൽ വർഷങ്ങൾക്ക് ശേഷം കേസ് വീണ്ടും പൊടിതട്ടിയെടുത്തതോടെയാണ് അന്വേഷണം വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തിയത്.
അമിതമായ ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും പിന്നാലെ മൃതദേഹം സരോവരത്തെ ചതുപ്പിൽ കുഴിച്ചിട്ടെന്നുമാണ് സുഹൃത്തുക്കളായ കെ.കെ. നിഖിൽ, ദീപേഷ് എന്നിവർ മൊഴി നൽകിയത്. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിൽ അസ്ഥികൾ കണ്ടെടുക്കുകയുമായിരുന്നു.






