കോട്ടയം: പുതുപ്പള്ളി വെള്ളൂക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കും സ്ഥാപനങ്ങൾക്കും ഇനി മുതൽ സോളാർ വെളിച്ചം. പതിനഞ്ചു കിലോവാട്ട് ശേഷിയുള്ള ഓൺ ഗ്രിഡ് സൗരോർജ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഈ പദ്ധതിവഴി എൺപതു യൂണിറ്റ് വൈദ്യുതി ദിവസവും ഉൽപാദിപ്പിക്കാനാവും. പള്ളിയുടെ തെക്കുഭാഗത്തുള്ള മേൽക്കൂരയിൽ അറുനൂറ് വാട്സ് വീതം ശേഷിയുള്ള ഇരുപത്തിയഞ്ചു സോളർ പാനലുകൾ സ്ഥാപിച്ചു. ഡബിൾ സൈഡ് ഉൽപാദനശേഷിയുള്ള പാനലുകൾവഴി മൂപ്പത് ശതമാനം സൗരോർജം അധികമായി ലഭ്യമാകും.
ഇപ്പോൾ ഉള്ള വൈദ്യുതി ഉപയോഗ ഇനത്തിൽ കെഎസ്ഇബിക്കു വർഷം രണ്ടുലക്ഷം രൂപയോളം നൽകുന്നുണ്ട്. ഭാവിയിൽ ഉണ്ടാകാനിടയുള്ളപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗമെന്ന നിലയിലാണ് സൗരോർജ പദ്ധതിക്കു തുടക്കമിട്ടതെന്നു വികാരി ഫാ.തോമസ് വർഗീസ് തെങ്ങുവിളയിൽ, സഹവികാരി ഫാ. ഏബ്രഹാം പി.മാത്യു പുളിമൂട്ടിൽ, ട്രസ്റ്റി ടി.വി.തോമസ് താഴത്തേക്കുറ്റ്, സെക്രട്ടറി കെ.എം.തോമസ് കുറ്റിപ്പുറത്ത് എന്നിവർ പറഞ്ഞു. ഉദ്ഘാടനംഈ മാസം 28ന് പത്തു മണിക്ക് കുർബാനയെ തുടർന്ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപൊലിത്ത നിർവഹിക്കും.









