തൃശ്ശൂർ: പൂമംഗലം– എടക്കുളം ദേശത്തെ ഈശ്വരമംഗലത്ത് വീട്ടിൽ അഖിനേഷ് (27) എന്ന സ്റ്റേഷൻ റൗഡിയെ കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയിലിലാക്കി. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അഖിനേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
തൃശ്ശൂർ ജില്ലാ കളക്ടറാണ് ഉത്തരവിൽ ഒപ്പുവച്ചത്.കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കൊലപാതക കേസ്, രണ്ട് വധശ്രമ കേസുകൾ, ഒരു ഗഞ്ചാവ് കേസ്, ഒരു അടിപിടി കേസ് എന്നിവ ഉൾപ്പെടെ ആകെ ആറു ക്രിമിനൽ കേസുകളിലാണ് അഖിനേഷ് പ്രതിയെന്ന് പോലീസ് അറിയിച്ചു.
കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.സി. സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഫെബിൻ, രമ്യ എന്നിവർ കാപ്പ ചുമത്തുന്നതിനും ഉത്തരവ് നടപ്പാക്കുന്നതിനും നിർണായക പങ്കുവഹിച്ചു.






