കോഴിക്കോട്: ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ സ്വര്‍ണമാല കവരാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ പിടിയിൽ. തിരുപ്പൂര്‍ സ്വദേശിനികളായ ലക്ഷ്മി, ശീതള്‍ എന്നിവരെയാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കരിമ്പാപ്പൊയില്‍ സ്വദേശിയായ യുവതിയുടെ നാലേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതികള്‍ കവരാന്‍ ശ്രമിച്ചത്. ഉള്ളിയേരി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട നടുവണ്ണൂര്‍ ഭാഗത്തേക്കുള്ള ബസിലായിരുന്നു സംഭവം.
മോഷണശ്രമത്തിനിടെ മാല പൊട്ടിയതോടെ യുവതി ബഹളം വെക്കുകയും, സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ ചേര്‍ന്ന് ഇരുവരെയും പിടിച്ചുനിര്‍ത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ അത്തോളി പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.




