കോട്ടയം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റൈസേഷൻ പൂർത്തിയായപ്പോൾ ഒഴിവാക്കപ്പെട്ടത് 1,61,588 പേരാണ്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 16,41,249 പേർക്ക് വോട്ടവകാശമുണ്ടായിരുന്നു.എന്നാൽ എസ്ഐആറിനായി വിതരണം ചെയ്തത് 16,11,002 ഫോമുകളാണ്. 30,247ന്റെ കുറവുണ്ട്.
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയുമായി ബന്ധമില്ലെന്നാണ് ഇതിന് കാരണമായി അധികൃതർ പറഞ്ഞത് . തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയാറാക്കിയത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. രണ്ട് പട്ടികയിലും പേര് ചേർക്കുന്നത് പ്രത്യേകമായിട്ടാണ്. അതിൽ വ്യത്യാസം വരാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അതേ സമയം സമ്മതിദായകരുടെ എണ്ണക്കുറവ് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്കും കഴിയുന്നില്ല.14,49,414 ഫോമുകളുടെ ഡിജിറ്റൈസേഷനാണ് ഇന്നലെ പൂർത്തിയായത്.
ഇതിനിടയിൽ മരിച്ചവരുടെയും, സ്ഥലം മാറിപ്പോയവരുടെയും, കണ്ടെത്താൻ കഴിയാത്തവരുടെയും ഫോമുകൾ 1,47,436 എണ്ണമാണ്. 2002ലെ വോട്ടർ പട്ടികയിൽ മാതാപിതാക്കളുടെ പേരില്ലാത്തവരുടെ പേരുകൾ ഡിജിറ്റൈസ് ചെയ്തിട്ടില്ല. ഇത് 14,130 എണ്ണമാണ്. 22 ഫോമുകൾ പല കാരണങ്ങളാൽ വിതരണം ചെയ്തിട്ടില്ല. 2002–ലെ വോട്ടർ പട്ടികയിൽ മാതാപിതാക്കളുടെ പേരില്ലാത്തവർ ഹിയറിങ്ങിന്റെ സമയത്ത് രേഖകൾ ഹാജരാക്കണം.




