ഡല്‍ഹി: കഫ് സിറപ്പിന്റെ വില്‍പനയില്‍ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്രഗ്‌സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം .
ഇതിനായി കരട് വിജ്ഞാപനം ഇറക്കി. 30 ദിവസത്തിനകം അഭിപ്രായങ്ങള്‍ അറിയിക്കാം. നീക്കം ചെയ്താല്‍ ടാബ്‌ലെറ്റുകള്‍ വില്‍ക്കുംപോലെ എളുപ്പത്തില്‍ സിറപ്പുകള്‍ വില്‍ക്കാനാകില്ല.
കര്‍ശന നിയമങ്ങള്‍ നിര്‍മ്മാണത്തിലും പാലിക്കണം. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ 20ലേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്‌നാട്ടിലെ ശ്രേഷന്‍ ഫാര്‍മയെന്ന ് കമ്പനി നിര്‍മ്മിച്ച കഫ് സിറപ്പുകള്‍ കഴിച്ചാണ് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യം ഉണ്ടായതെന്ന് ് കണ്ടെത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ ലബോറട്ടറികളിലെ പരിശോധനകളില്‍ ഉയര്‍ന്ന വിഷാംശമുള്ള രാസവസ്തുവായ ഡൈ എഥിലിന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മരണങ്ങള്‍ക്ക് പിന്നാലെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രേശന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ നിര്‍മ്മാണം നിരോധിച്ചിട്ടുണ്ട്.
കോള്‍ഡ്രിഫ് കഫ് സിറപ്പ് മാര്‍ക്കറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും കത്തയച്ചത്. മരുന്ന് നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണം.
ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.






