കോട്ടയം: കാഞ്ഞിരപ്പള്ളി ടൗണിൽ നിന്ന് കടക്കാൻ പല അടവുകളും പയറ്റേണ്ടിവരുമെന്ന ഗതികേടിലാണ് വാഹന യാത്രക്കാർ. സദാസമയവും കുരുക്കിലമരുന്ന ടൗണിൽ പ്രശ്നങ്ങൾക്കു കാരണം പലതാണ്. പരിഹാരത്തിനായി നടപടികൾ നീളുമ്പോൾ പൊതുജനം വലയുകയാണ്.
കോട്ടയം കഴിഞ്ഞാൽ കെകെ റോഡിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സം ഉണ്ടാകുന്ന ടൗണായി ഈ ഭാഗം മാറി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവ് മുതൽ ഫാബീസ് ഓഡിറ്റോറിയം വരെ നീളുന്ന രണ്ട് കിലോമീറ്റർ ഗതാഗതക്കുരുക്കിന് പട്ടണം സാക്ഷിയായി.
ഇവിടെ സാധാരണ ഗതിയിൽ വാഹനങ്ങൾ കടന്നു പോകുന്ന ടൗണിൽ ബസ് സ്റ്റാൻഡിനു മുൻപിലോ, കുരിശുങ്കൽ കവലയിലോ, പേട്ട ജംക്‌ഷനിലോ ഒരു വാഹനം കടന്നു വന്നാൽ വഴിയിൽ കുടുങ്ങുമെന്നതാണ് ടൗണിലെ ഇപ്പോഴത്തെ അവസ്ഥ. നഗരം വികസിച്ചതിനൊപ്പം റോഡുകളിലെ വികസനവും ഗതാഗത പരിഷ്കരണവും ഉയരാത്തതാണു പ്രധാന കാരണം. പൊലീസിനെ കൊണ്ട് മാത്രം പ്രശ്നപരിഹാരം കാണാൻ കഴിയാത്ത നിലയിലേക്കും കാര്യങ്ങൾ മാറിക്കഴിഞ്ഞു.
ബസ്സ്റ്റാൻഡിനുള്ളിലേക്കു കയറുന്ന റോഡ് തകർന്ന നിലയിലാണ്. ഇടുങ്ങിയ വഴിയിലൂടെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പലപ്പോഴും കൊല്ലം- തേനി ദേശീയപാതയിൽ കൂടെ ഉള്ള യാത്രക്ക് തടസം നേരിടാറുണ്ട്.






