തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തോട്ടിലൊഴുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ഇടതുപക്ഷ ഭരണത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു തൃശൂർ മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. പിണറായി വിജയന്റെ കോലം ചങ്ങാടത്തിൽ കെട്ടി തോട്ടിലൊഴുക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ദുർഭരണത്തിനെതിരെയാണു പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചു. വിവിധ മേഖലകളിലുണ്ടായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയതായും സർക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമെന്നും നേതാക്കൾ പറഞ്ഞു.
പ്രതിഷേധ പരിപാടി അവസാനിച്ചതിന് ശേഷം ചങ്ങാടവും കോലവും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോട്ടിൽ നിന്നു പുറത്തെടുത്ത് നീക്കം ചെയ്തു.




