കോട്ടയം: അയർലണ്ടിലെ ഡബ്ലിൻ രൂപതയിൽ സെമിനാരി പഠനം പൂർത്തിയാക്കി കപ്പൂച്ചിൻ മിഷനറി വൈദികനായി അഭിഷിക്തനായ ഫാ. ആന്റണി വാളിപ്ലാക്കലിന് വെള്ളികുളം ഇടവകയിൽ ഊഷ്മളമായ സ്വീകരണം നൽകി. അയർലണ്ടിലെ സെമിനാരിയിൽ പഠനം നടത്തി വൈദികപട്ടം സ്വീകരിക്കുന്ന ആദ്യ മലയാളിയാണ് ഫാ. ആന്റണി വാളിപ്ലാക്കൽ.
2025 മെയ് 10-ന് ഡബ്ലിൻ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ഡോണൽ റോച്ചിൽ നിന്നാണ് അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചത്. ഭരണങ്ങാനം വാളിപ്ലാക്കൽ കുര്യൻ, അന്നക്കുട്ടി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളാണ് ആന്റണി.
ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ ആദ്യ ബാച്ച് ബി. ടെക് വിദ്യാർത്ഥിയായിരുന്ന ആന്റണി, തുടർന്ന് എം.ബി.എ. ഉപരിപഠനത്തിനായി അയർലണ്ടിലേക്ക് പോവുകയായിരുന്നു. അവിടെ ഇലക്ട്രോണിക്സ് എൻജിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് പുരോഹിതനാകാനുള്ള തീവ്രമായ ആഗ്രഹത്തെ തുടർന്ന് സെമിനാരിയിൽ ചേരുന്നത്. അയർലണ്ടിലെ സെമിനാരിയിൽ ഫിലോസഫി, തിയോളജി പഠനം പൂർത്തിയാക്കിയാണ് 2025 മേയ് മാസത്തിൽ വൈദിക പട്ടം സ്വീകരിച്ചത്. പൗരോഹിത്യപട്ട ചടങ്ങിൽ വീട്ടുകാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു.
വൈദിക പട്ടം സ്വീകരിച്ച ശേഷം നാട്ടിൽ ആദ്യമായി എത്തിയ ഫാ. ആന്റണി വാളിപ്ലാക്കൽ, ആദ്യം മാതൃ ഇടവകയായ ഭരണങ്ങാനം ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന്, അമ്മയുടെ സ്വദേശമായ വെള്ളികുളം പള്ളിയിലും അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചു. വെള്ളികുളം ഇടവക വികാരി ഫാ. സ്കറിയ വേകത്താനം പൂച്ചെണ്ട് നൽകി ആന്റണിയച്ചനെ സ്വീകരിച്ചു. ചാക്കോച്ചൻ കാലാപറമ്പിൽ, സാന്റോ സിബി തേനംമാക്കൽ, ആൽബിൻ പാലക്കുഴയിൽ തുടങ്ങിയവരും സ്വീകരണത്തിൽ പങ്കെടുത്തു.
ഫാ. ആന്റണിയുടെ ഇളയ സഹോദരി ബിനീത, അരിക്കുഴ ഇടവക കല്ലുവെച്ചേൽ ജെയിംസിന്റെ ഭാര്യയും മൂവാറ്റുപുഴയിലെ സ്കൂൾ അധ്യാപികയുമാണ്.






