മുസാഫറാബാദ്: പാക് അധീന കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെയ്പിൽ 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന സംഭവങ്ങളിലാണ് ഇത്രയും പേർ മരിച്ചതെന്നാണ് വിവരം. സംഘർഷത്തിൽ 50-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ജൂൺ 5ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. റാവലക്കോട്ടിലെ ഡ്രീക്ക് എയ്ത്ത് മേഖലയിൽ പ്രതിഷേധക്കാർക്ക് നേരെ പാക് സുരക്ഷാ സേന ആക്രമണം നടത്തിയതായും ആരോപണമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) ആഹ്വാനം ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ ജെഎഎസി വക്താവ് ഉമർ നസീർ കാശ്മീരിയുടെ സഹോദരൻ ഉസ്മാൻ നസീറും ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്.
പ്രതിഷേധം നിയന്ത്രിക്കാൻ 14,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധക്കാർക്കെതിരെ സ്നൈപ്പർമാരെയും കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിച്ചതായി ആരോപണമുണ്ട്.
സംഘർഷത്തെ തുടർന്ന് മേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിയന്ത്രിച്ചതായും ചില സ്ഥലങ്ങളിൽ വൈദ്യുതി, ജല വിതരണം തടസപ്പെട്ടതായും വിവരമുണ്ട്. 53 സീറ്റുകളുള്ള നിയമസഭയിൽ 45 സീറ്റുകളിലേക്കാണ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 27ന് ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. അടുത്ത ഘട്ടങ്ങൾ ഓഗസ്റ്റ് 2നും ഓഗസ്റ്റ് 10നും നടക്കും.
കഴിഞ്ഞ മാസം ആരംഭിച്ച പ്രാദേശിക പ്രതിഷേധങ്ങൾ പിന്നീട് പാക് സർക്കാരിനും സൈനിക നേതൃത്വത്തിനുമെതിരായ പ്രതിഷേധങ്ങളായി മാറിയിരുന്നു. ആഴ്ചകളായി തുടരുന്ന സംഘർഷത്തിൽ നിരവധി തവണ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്.




