പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 11 വയസുകാരന് ഗുരുതര പരിക്ക്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒറ്റപ്പാലം പൊലീസ് എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊട്ടിത്തെറിച്ച രീതി ഉൾപ്പെടെ വിശദമായി വിലയിരുത്തിയ ശേഷമാണ് പന്നിപ്പടക്കമാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി ഇന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ബോംബ് സ്ക്വാഡും സയന്റിഫിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് വാരോട് വീട്ടമ്പാറിയിൽ നടന്നുപോകുന്നതിനിടെ പാതയോരത്ത് കിടന്നിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് വീട്ടമ്പാറ സ്വദേശി ശ്രീഹർഷന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






