തൃശ്ശൂർ: ചാലക്കുടി മാർക്കറ്റിൽ തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. മേലൂർ കുന്നപ്പള്ളി സ്വദേശി ടി.ആർ രാജീവിനും, ചൗക്ക സ്വദേശി ജോബി ജോസിനും ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മാംസ മാർക്കറ്റിലെ പോർക്ക് സ്റ്റോളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം മൂന്ന് പേരേയും ഒരു നായ തന്നെയാണ് കടിച്ചതെന്ന് പറയപ്പെടുന്നു.
ആക്രമണത്തിൽ രണ്ടുപേർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മാർക്കറ്റിലും, വെട്ടുകടവ് റോഡിലും എല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്. ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണെങ്കിലും നഗരസഭ അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമുണ്ട്. നായയെ പിടികൂടുവാൻ നഗരസഭ അധികൃതർ മാർക്കറ്റിൽ പരിശോധന നടത്തിയെങ്കിലും നായയെ കണ്ടെത്തുവാൻ സാധിച്ചില്ല.




