കോട്ടയം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. കോട്ടയം മാമ്മൻമാപ്പിള ഹാൾ അങ്കണത്തിൽനിന്ന് സെയ്ന്റ്് ആൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ ഘോഷയാത്രയെ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തുനിന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയ കപ്പിന് ജില്ലയിലെ ആദ്യ സ്വീകരണം പാലാ സെയ്ൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെയ്ന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര പത്തനംതിട്ട ജില്ലയിലേക്ക് കടന്നു.
വിജയികൾക്ക് നൽകുന്ന 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പുമായുള്ള ഘോഷയാത്ര കാസർകോട് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽനിന്നാണ് ആരംഭിച്ചത്. ജനുവരി പതിമൂന്നിന് കലോത്സവ വേദിയായ തൃശ്ശൂരിൽ എത്തിച്ചേരും. പതിനാലിന് രാവിലെ പത്തിന് തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ഇരുപത്തിയഞ്ചു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.






