തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വാഹനപൂജയ്ക്കായി കൊണ്ടുവന്ന കാർ അപകടത്തിൽപ്പെട്ടു. പൂജ കഴിഞ്ഞശേഷം നിയന്ത്രണം വിട്ട കാർ കിഴക്കെ നടയിലെ നടപ്പുരയുടെ ഗേറ്റ് ഇടിച്ചു തകർക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം.
കോഴിക്കോട് സ്വദേശികൾ വാഹനപൂജയ്ക്കായി കൊണ്ടുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പൂജ കഴിഞ്ഞ ശേഷം കാർ സ്റ്റാർട്ട് ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെടുകയും നടപ്പുരയുടെ ഗേറ്റ് ഇടിച്ചുതകർക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തിന് നേരിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.






