കോട്ടയം: മുത്തോലി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട കൊമ്പനാൽപ്പടി ഭാഗത്ത് സാമൂഹ്യവിരുദ്ധർ പതിവായി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുന്നു. തിരക്കേറിയ ഈ റോഡരികിൽ രാത്രികാലങ്ങളിലാണ് ടാങ്കറുകളിൽ മാലിന്യം ഒഴുക്കിവിടുന്നത്.
ഇതുമൂലം പ്രദേശം രൂക്ഷമായ ദുർഗന്ധത്തിലാണെന്നും പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ശബരിമല തീർത്ഥാടന കാലമായതിനാൽ പ്രശസ്തമായ കടപ്പാട്ടൂർ ക്ഷേത്രം സന്ദർശിക്കാനെത്തുന്ന നിരവധി അയ്യപ്പഭക്തർ കടന്നുപോകുന്ന പാതയാണിത്. കാൽ നടയാത്രക്കാർക്കും വാഹനയാത്രികർക്കും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണുള്ളത്.
വിഷയം ചൂണ്ടിക്കാട്ടി പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിരമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.




