മലപ്പുറം: ബിരുദ സർട്ടിഫിക്കറ്റുകളിലെ വിജയ രേഖകളോടൊപ്പം സ്വഭാവത്തിലും സാമൂഹ്യ പ്രവർത്തന രംഗങ്ങളിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും കൂടി സർട്ടിഫിക്കറ്റുകൾ ലഭിക്കുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥവത്താകുന്നതെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ അഭിപ്രായപ്പെട്ടു. വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം സംഘടിപ്പിച്ച ആദരം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വളവന്നൂർ ബാഫഖി യത്തീം ഖാന ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ജില്ലാ – സംസ്ഥാന തല ഗണിതശാസ്ത്ര- കായിക മേളകളിൽ പങ്കെടുത്ത് വിവിധ മത്സര ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾക്കുള്ള ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും കുറുക്കോളി മൊയ്തീൻ എംഎൽഎ വിതരണം ചെയ്തു.
പി ടി എ പ്രസിഡണ്ട് എം എ റഫീഖ് അദ്ധ്യക്ഷ്യം വഹിച്ചു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുനീർ വാണിയന്നൂർ ,പ്രിൻസിപ്പൽ ഐ പി പോക്കർ , പ്രധാനാധ്യാപിക പി. ടി ഷാഹിന , എസ് എം സി ചെയർമാൻ പി. മുഹമ്മദ് കുട്ടി , കെ അബ്ദുൾ വാഹിദ് , സമീർ സി എന്നിവർ പ്രസംഗിച്ചു. പ്രതിഭകളെ വാർത്തെടുത്ത അധ്യാപകരായ കെ. അബ്ദുൾ വാഹിദ്, മുഹമ്മദ് കുട്ടി മുത്താണിക്കാട്, സാദിഖ് എന്നിവരെ എം എൽ എ ആദരിച്ചു. കഴിഞ്ഞ പത്ത് വർഷങ്ങളായി ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി താനൂർ ഉപജില്ലയിലെ ഓവറോൾ ജേതാക്കളും ജില്ലാതലത്തിൽ തുടർച്ചയായി ആറാം വർഷവും ഓവറോൾ കിരീടം നേടിയതും വളവന്നൂർ ബാഫഖി യത്തീം ഖാന ഹയർ സെക്കണ്ടറി സ്കൂളാണ്.




