തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ആനാട് നാഗച്ചേരിയിലായിരുന്നു അപകടം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലോട് ഭാഗത്തേക്ക് പോയ ഹോണ്ട സിറ്റി കാർ, വിതുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാർ യാത്രികരായ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ, സുരേഷിന്റെ ഭാര്യ സുജാത, സുജാതയുടെ സഹോദരി സുനിത എന്നിവർക്കും ബസ് യാത്രക്കാരിയായ ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശിനി തനിമയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ നിയന്ത്രണം വിട്ട് ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. നെടുമങ്ങാട് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.






