തിരുവനന്തപുരം: കെഎസ്ഇബിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയും വ്യാപകമായ ഭരണക്രമക്കേടുകളും കണ്ടെത്തിയതായി റിപ്പോർട്ട്. ‘ഓപറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് വിജിലൻസ് വൻ ക്രമക്കേടുകൾ പുറത്തെടുത്തത്. കരാറുകാരിൽ നിന്ന് കമ്മിഷൻ ഇനത്തിൽ കൈക്കൂലി വാങ്ങി, ആവശ്യമായ പരിശോധനകൾ നടത്താതെയാണ് ബില്ലുകൾ മാറിക്കൊടുക്കുന്നതെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് നടപടി ആരംഭിച്ചത്.
പരിശോധനയിൽ 41 ഉദ്യോഗസ്ഥർ അക്കൗണ്ടുകളിലൂടെ മാത്രം 16.5 ലക്ഷം രൂപ കൈക്കൂലിയായി സ്വീകരിച്ചതായി കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പാക്കിയ കരാർ പ്രവൃത്തികളാണ് വിശദമായി പരിശോധിച്ചത്. വിജിലൻസ് കണ്ടെത്തിയ പ്രധാന ക്രമക്കേടുകളിൽ ഒന്ന്, വലിയ കരാർ ജോലികളെ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായി ചെറിയ തുകയുള്ള പ്രവൃത്തികളായി വിഭജിക്കുന്ന രീതിയാണ്. തുടർന്ന് ക്വട്ടേഷൻ മുഖേന ഇഷ്ടപ്പെട്ട കരാറുകാർക്ക് ജോലികൾ നൽകുന്ന പതിവ് ഭൂരിഭാഗം ഓഫിസുകളിലും തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഒരേ കരാറുകാരന് തന്നെ വർഷങ്ങളോളം വിവിധ പ്രവൃത്തികളുടെ കരാർ നൽകുന്ന പക്ഷപാതപരമായ സമീപനവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കരാർ അടിസ്ഥാനത്തിൽ എടുത്ത വാഹനങ്ങളുടെ ലോഗ് ബുക്കുകളിലും അവയുടെ ഉപയോഗത്തിലും വ്യാപക ക്രമക്കേടുകൾ നടക്കുന്നതായും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. കരാർ പ്രവൃത്തികളുമായി ബന്ധപ്പെട്ട ഫയലുകൾ കൃത്യമായി പരിപാലിക്കുന്നില്ലെന്നും, ചട്ടപ്രകാരം സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ പല ഓഫീസുകളിലും ലഭ്യമല്ലെന്നുമാണ് കണ്ടെത്തൽ. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെയും ആവശ്യമായ രേഖകൾ സൂക്ഷിക്കാതെയും കരാർ ജോലികൾ നടത്തുന്നത് കെഎസ്ഇബിയിൽ വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് വഴിമാറുന്നതായാണ് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.










