ഭക്ഷണശേഷം ജീരകം കുറച്ച് ചവയ്ക്കുന്ന ശീലമുണ്ടോ? കൊഴുപ്പുള്ളതോ അല്ലെങ്കില്‍ അത്യാവശ്യം വലിയൊരു മീല്‍സ് കഴിക്കുകയോ ചെയ്താല്‍ വയറ്റില്‍ അസിഡിറ്റി, വയറു വീര്‍ക്കല്‍, ഗ്യാസ്, വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇവ ഒഴിവാക്കാന്‍ അല്‍പം പെരുജീരകമോ അയമോദകമോ പച്ചയ്‌ക്കോ വറുത്തോ ചവച്ചരച്ച് കഴിക്കുന്നവരുണ്ട്. അവയുടെ സ്വാഭാവിക സംയുക്തങ്ങള്‍ ഉമിനീര്‍ വഴി ആഗിരണം ചെയ്യപ്പെടുന്നു.
പെരുംജീരകം, അയമോദകം, ജീരകം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ആവശ്യമനുസരിച്ച് ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്. ഇവയ്ക്ക് ദഹനം സ്വാഭാവികമായി പുനരാരംഭിക്കാനും കുടല്‍ പ്രശ്നങ്ങള്‍ അകറ്റാനും കഴിയും.
പെരുംജീരകത്തിന് കാര്‍മിനേറ്റീവ് ഗുണങ്ങളുണ്ട്. അവ ഗ്യാസും ബ്ലോട്ടിങ്ങും കുറയ്ക്കാന്‍ സഹായിക്കുന്നു. അവയിലെ അനത്തോള്‍ പോലുള്ള സംയുക്തങ്ങള്‍ ദഹനനാളത്തെ അയവുവരുത്തുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.


