കോട്ടയം: അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉൾപ്പെടുത്തി സർക്കാർ ക്ഷേമനിധികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കെ.ടി.യു.സി (ബി) കോട്ടയം ജില്ലാ പ്രസിഡന്റ് മധു ആർ. പണിക്കർ ആവശ്യപ്പെട്ടു. ഏറ്റുമാനൂരിൽ ചേർന്ന കെ.ടി.യു.സി (ബി) ജില്ലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവില്ലായ്മ മൂലം വിഹിതം അടയ്ക്കാൻ കഴിയാതെ ക്ഷേമനിധിയിൽ നിന്നും പുറത്തായ നിരവധി തൊഴിലാളികളുണ്ട്. ഇത്തരക്കാരെ പൂർവ്വകാല പ്രാബല്യത്തോടെ തിരികെ കൊണ്ടുവന്ന് സർക്കാരിന്റെ തൊഴിലാളി സംരക്ഷണ പദ്ധതികളുടെ ഭാഗമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മധു ആർ. പണിക്കർ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, കെ.ടി.യു.സി (ബി) സംസ്ഥാന കമ്മിറ്റി അംഗം ജോസുകുട്ടി പാഴൂകുന്നേൽ, ജില്ലാ സെക്രട്ടറി ജലീൽ സി.എം, ശ്രീകുമാർ ശ്രീവത്സം, അജീന്ദ്രകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.










