കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ പാലാ നിയോജകമണ്ഡലത്തിൽ സീറ്റ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സജീവമാകുന്നു. അടുത്ത കാലത്തായി മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ ഷോൺ ജോർജിന്റെ സാന്നിധ്യം വർദ്ധിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക ബിജെപി പ്രവർത്തകരുടെ വിട്ടുനിൽക്കൽ പാർട്ടിയിൽ പുകയുന്ന അസംതൃപ്തിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.
പൂഞ്ഞാറിൽ താനും പാലായിൽ മകൻ ഷോൺ ജോർജും മത്സരിക്കണമെന്ന പി.സി. ജോർജിന്റെ താൽപ്പര്യം ബിജെപി അണികൾക്കിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാലങ്ങളായി പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച ജനകീയരായ നേതാക്കളെ അവഗണിച്ച് ഒരു കുടുംബത്തിന് തന്നെ രണ്ട് സീറ്റുകൾ നൽകുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുടെ വളർച്ചയ്ക്ക് ഒരുകാലത്ത് പി.സി. ജോർജ് നൽകിയ പിന്തുണ പാലായിലെ വോട്ടർമാർ മറക്കാനിടയില്ലെന്ന വികാരവും ശക്തമാണ്. പാലാ ബിഷപ്പിനും ബിഷപ്പ് ഹൗസിനുമെതിരെ നടന്ന പ്രതിഷേധങ്ങൾക്കു പിന്നിൽ പഴയകാലത്തെ ഇത്തരം രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് പങ്കുണ്ടെന്ന ആരോപണം ക്രൈസ്തവ-ഹൈന്ദവ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.
ജനപക്ഷം ദുർബലമാവുകയും പഴയ സഖ്യകക്ഷികൾ എതിരാവുകയും ചെയ്തതോടെയാണ് ജോർജ് തീവ്ര ദേശീയവാദവും ക്രൈസ്തവ സ്നേഹവും പ്രകടിപ്പിച്ച് ബിജെപിയിൽ ചേക്കേറിയതെന്നാണ് ആക്ഷേപം. ക്രൈസ്തവ മേഖലയിൽ പാർട്ടിക്ക് സ്വീകാര്യമായ മുഖമാകാൻ ഷോൺ ശ്രമിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിൽ എത്രത്തോളം പിന്തുണ ലഭിക്കുമെന്നത് കണ്ടറിയണം. പലപ്പോഴും വോട്ടു മറിക്കൽ ആരോപണം നേരിടാറുള്ള പാലായിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് തന്നെ സ്ഥാനാർത്ഥിയായാൽ വോട്ടുകൾ ചോരുന്നില്ലെന്ന് ഉറപ്പാക്കേണ്ട വലിയ ബാധ്യതയും ബിജെപി നേതൃത്വത്തിനുണ്ട്.




