ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.
ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യയ്ക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 502 വള്ളസദ്യകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.
വഴിപാട് നടത്തുന്നവർക്ക് പുറമെ പൊതുജനങ്ങൾക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ ഇത്തവണ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ വഴിയും നേരിട്ടും ലഭ്യമാകുന്ന സ്പെഷ്യൽ പാസുകൾ ഉപയോഗിച്ച് വഴിപാടുകാരല്ലാത്ത ഭക്തർക്കും വള്ളസദ്യയിൽ പങ്കെടുക്കാം.
വള്ളസദ്യയിൽ പങ്കെടുക്കാനെത്തുന്ന ഭക്തർക്കായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക യാത്രാസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ആറന്മുള ക്ഷേത്രത്തിലേക്ക് 500 പ്രത്യേക സർവീസുകളാണ് കെ.എസ്.ആർ.ടി.സി. ക്രമീകരിച്ചിരിക്കുന്നത്.


