തിരുവനന്തപുരം: നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസ് മീഡിയ പാനലിസ്റ്റുകൾക്ക് കെപിസിസി നിർദേശം നൽകി. പാർട്ടി നയങ്ങളും ഔദ്യോഗിക നിലപാടുകളും മാത്രമേ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അവതരിപ്പിക്കാവൂ എന്നാണ് നിർദേശം.
കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് മീഡിയ പാനലിസ്റ്റുകൾക്ക് ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്. പാർട്ടിയുടെ ഐക്യത്തിനും അച്ചടക്കത്തിനും ജനങ്ങൾക്കിടയിലെ വിശ്വാസ്യതയ്ക്കും ബാധകമാകുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളും സംഘടനാ വിഷയങ്ങളും പൊതുവേദികളിൽ ചർച്ച ചെയ്യരുതെന്നും അവ പാർട്ടിയുടെ ആഭ്യന്തര വേദികളിൽ ഉന്നയിച്ച് പരിഹരിക്കണമെന്നും കത്തിൽ പറയുന്നു.
മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പാർട്ടിയുടെ അച്ചടക്കവും നേതൃത്വത്തിന്റെ നിലപാടുകളും ഉയർത്തിപ്പിടിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പാർട്ടിയുടെയും നേതൃത്വത്തിന്റെയും പ്രതിച്ഛായയെ ബാധിക്കുന്ന പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അറിയിച്ചിട്ടുണ്ട്. നേതാക്കളുടെ ചില പരസ്യ പ്രതികരണങ്ങൾ വിവാദമായ സാഹചര്യത്തിലാണ് നിർദേശം നൽകിയതെന്നാണ് വിവരം. സംഘടനാ ചുമതലയുള്ള നേതാക്കളുടെ ഇടപെടലിന്റെ ഭാഗമായാണ് നടപടി എന്നാണ് റിപ്പോർട്ട്.


