മലപ്പുറം: സമത്വം, സമന്വയം, സമാധാനം’ എന്ന പ്രമേയത്തിൽ അരീക്കോട് എൻ.വി. അബ്ദുസ്സലാം മൗലവി നഗറിൽ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) ജില്ലാ സമ്മേളനം പ്രൗഢമായ സെഷനുകളോടെ സമാപിച്ചു. ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കണമെന്നും ക്ഷാമബത്ത പ്രഖ്യാപനം വൈകിക്കരുതെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മെഡിസെപ്പ് പദ്ധതിയിലെ അസമത്വങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും സമ്മേളനത്തിൽ ശക്തമായി ഉയർന്നു.
പി.കെ. അഹ്മ്മദലി മദനി വേദിയിൽ നടന്ന പൊതുസമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പ്രൊഫ. എൻ.വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആർ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻ്റ് എം. സലാഹുദ്ദീൻ മദനി, സെക്രട്ടറി സി.എച്ച് ഹംസ മാസ്റ്റർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അരീക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് സഫീറാ സലാം, പൊന്മള അബ്ദുറഹ്മാൻ ഫാറൂഖി, എം. ഹംസ പുല്ലങ്കോട് തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
കെ.കെ മുഹമ്മദ് മാസ്റ്റർ സ്മാരക വേദിയിൽ നടന്ന വനിതാ സമ്മേളനം അഡ്വ. പി.വി മനാഫ് ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ജില്ലാ ചെയർപേഴ്സൺ പി. ജമീല അധ്യക്ഷത വഹിച്ചു. ടി. ഹാജറുമ്മ, ഫാത്വിമ സഹ്റ, ഉമ്മാത്തക്കുട്ടി പരപ്പനങ്ങാടി തുടങ്ങിയവർ സംസാരിച്ചു. വനിതാ ശാക്തീകരണവും അധ്യാപക സമൂഹത്തിന്റെ സാമൂഹിക പങ്കാളിത്തവും സമ്മേളനം ചർച്ച ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു.










