പാലക്കാട്: ഓൺലൈൻ വ്യാപാരമേഖലയെ നിയന്ത്രിക്കണമെന്നും കോർപ്പറേറ്റ് കമ്പനികളുടെ അതിപ്രസരത്തിൽ നിന്ന് തൊഴിൽ മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹീറ്റിംഗ് വെന്റിലേഷൻ എയർകണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു.
പാലക്കാട് സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. കമ്പനികൾ ഗുണഭോക്താക്കൾക്ക് തെറ്റായ ആനുകൂല്യങ്ങൾ നൽകിയുള്ള ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജനുവരി 16, 17 തീയതികളിലായി നടന്ന സമ്മേളനത്തിന് മുന്നോടിയായി രാവിലെ 10 മണിക്ക് കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച ഗംഭീര പ്രകടനം സുമംഗലി ഓഡിറ്റോറിയത്തിൽ സമാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് അനന്തരാമൻ, വിനോദ് പി. മേനോൻ, വർഗീസ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
മികച്ച പ്രവർത്തനം കാഴ്ചവെച്ച സംഘടനാ പ്രവർത്തകർക്കും, സ്ഥാനമൊഴിയുന്ന കൗൺസിൽ അംഗങ്ങൾക്കും ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയുടെ പുരസ്കാരങ്ങൾ നൽകി. സഹായധന വിതരണത്തിന്റെ ഭാഗമായി ജില്ലാ നേതൃത്വത്തിന് ചെക്കുകൾ കൈമാറി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വർഗീസ് ജോൺ സ്വാഗതവും, കോർഡിനേറ്ററും സംസ്ഥാന കമ്മിറ്റി അംഗവുമായ ബഷീർ നന്ദിയും പറഞ്ഞു.






