ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യില്‍ നായികയായി പുതുമുഖം സാത്വിക വീരവല്ലി. നായികയെ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചു കൊണ്ടുള്ള, സാത്വികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗ്ലിംബ്‌സ് വീഡിയോയും പുറത്ത്. ആകാശത്തേക്കാള്‍ വലിയ സ്വപ്നം ഉള്ളില്‍ പേറുന്നവള്‍ എന്ന വാക്കുകളോടെയാണ് സാത്വികയെ അവതരിപ്പിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന, ‘ആകാശംലോ ഒക താര’ തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ചിത്രം 2026 സമ്മര്‍ വെക്കേഷന്‍ കാലത്ത് ആഗോള റിലീസായെത്തും.
നൂതന ശൈലിയിലുള്ള കഥപറച്ചിലിനും അതുല്യമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകന്‍ ആണ് പവന്‍ സാദിനേനി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ മനസ്സില്‍ തൊടുന്ന ഒരു ഫീല്‍ ഗുഡ് ഡ്രാമ ആയിരിക്കും ചിത്രം എന്ന സൂചനയാണ് പോസ്റ്ററുകളും ഗ്ലിംബ്‌സ് വീഡിയോയും നല്‍കുന്നത്.
മഹാനടി, സീത രാമം, ലക്കി ഭാസ്‌കര്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍, പ്രഭാസിന്റെ കല്‍ക്കി 2898അഉ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുല്‍ഖര്‍ അഭിനയിച്ച തെലുങ്ക് ചിത്രമാണ് ‘ആകാശംലോ ഒക താര’. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നാണ് സൂചന.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി ‘ആകാശം ലോ ഒക താര’ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ്. അദ്ദേഹത്തിന്റെ മനോഹരമായ സംഗീതവും ഇപ്പൊള്‍ പുറത്ത് വന്ന ഗ്ലിംബ്‌സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. പിആര്‍ഒ ശബരി.






