കോട്ടയം: പാലാ നഗരസഭ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെട്ട സാഹചര്യത്തിൽ നഗരസഭയുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കണമെന്നും കൗൺസിലർ ബിജു പുളിക്കകണ്ടം ആവശ്യപ്പെട്ടു.
നഗരസഭാ സെക്രട്ടറിക്ക് നൽകിയ കത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ അഞ്ച് വർഷം നഗരസഭ ഭരിച്ച കേരള കോൺഗ്രസ് (എം) ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ഈ തകർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. പുതുതായി ചുമതലയേറ്റ യുഡിഎഫ് ഭരണസമിതി നടത്തിയ പരിശോധനയിലാണ് നഗരസഭയുടെ ഖജനാവ് കാലിയാണെന്ന യാഥാർത്ഥ്യം പുറത്തുവന്നത്.
നഗരത്തിലെ ഒട്ടുമിക്ക സേവനങ്ങളും കടക്കെണി മൂലം നിലച്ച അവസ്ഥയിലാണ്. വാട്ടർ അതോറിറ്റിക്ക് നാല് കോടിയിലധികം രൂപ കുടിശ്ശിക വരുത്തിയതിനാൽ പൊതു ശൗചാലയങ്ങൾ പലതും പൂട്ടിക്കിടക്കുകയാണ്. കരാറുകാർക്ക് പണം നൽകാത്തതിനാൽ തെരുവുവിളക്കുകളുടെ പരിപാലനവും മുടങ്ങി. കടബാധ്യതയെത്തുടർന്ന് ചെയർപേഴ്സന്റെ വാഹനം ഉൾപ്പെടെ ജപ്തി ഭീഷണിയിലാണ്.
പുതിയ കെട്ടിടങ്ങൾ പണിയാൻ എടുത്ത വായ്പയുടെ തിരിച്ചടവിനായി നഗരസഭയുടെ വാടക വരുമാനം മുഴുവൻ ബാങ്കുകൾ നേരിട്ട് ഈടാക്കുന്ന സാഹചര്യമാണുള്ളത്. റോഡുകളുടെ അറ്റകുറ്റപ്പണി, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സി.സി.ടി.വി സംവിധാനം തുടങ്ങിയവയെല്ലാം ഫണ്ടില്ലാത്തതിനാൽ നിലച്ചു. നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്ക് നൽകിയ തുകയിൽ 10 കോടിയോളം രൂപ നഗരസഭയ്ക്ക് തിരികെ ലഭിക്കാനുണ്ടെന്നും ഇത് നേടിയെടുക്കാൻ അടിയന്തര നടപടി വേണമെന്നും ബിജു പുളിക്കകണ്ടം ആവശ്യപ്പെട്ടു.






