കോട്ടയം: എരുമേലി റാന്നി റോഡിൽ വനം വകുപ്പ് ഓഫിസിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓട നവീകരണം തുടങ്ങി. പൊലീസ് സ്റ്റേഷൻ റോഡ് മുതൽ വനം വകുപ്പ് ഓഫിസിനു സമീപത്തുവരെ ഓടയിൽ ഒഴുക്ക് തടസ്സപ്പെട്ടതുമൂലം റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവായിരുന്നു. കഴിഞ്ഞ ആറു മാസം മുൻപ് ദേശീയപാത അതോറിറ്റി അധികൃതർ ഇടപെട്ട് കുറച്ച് സ്ഥലത്തെ സ്ലാബ് മാറ്റി വൃത്തിയാക്കിയിരുന്നു. എന്നാൽ ഓടയിലെ ജലം വലിയ തോട്ടിലേക്ക് ഒഴുകുന്നതിനുള്ള കലുങ്ക് വരെ മാലിന്യം നീക്കുകയോ ഓട നവീകരിക്കുകയോ ചെയ്തില്ല. ഇതുമൂലം ഇവിടെ മഴ പെയ്താൽ ഉടൻ വെള്ളക്കെട്ട് രൂപപ്പെടുമായിരുന്നു.
റോഡിലെ വെള്ളക്കെട്ട് മൂലം വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കു മലിനജലം തെറിക്കുന്നത് പതിവായിരുന്നു. പരാതി വ്യാപകമാകുകയും കച്ചവടക്കാരും നാട്ടുകാരും പ്രതിഷേധവുമായി വരികയും ചെയ്തതോടെയാണ് ആറു മാസം മുൻപ് കുറച്ചു ഭാഗത്തെ ഓട ശുചിയാക്കി സ്ലാബ് മാറ്റിയത്.
നിലവിലുള്ള ഓടയുടെ മുകളിൽ വലിയ സ്ലാബുകളാണു സ്ഥാപിച്ചിരുന്നത്. ഇതുമൂലം സ്ലാബ് നീക്കി ഓട ശുചിയാക്കുന്നതിനു ബുദ്ധിമുട്ടായിരുന്നു. ഈ സ്ലാബ് പൂർണമായും പൊളിച്ചുനീക്കിയ ശേഷമാണ് ഇപ്പോൾ ഓട ശുചിയാക്കുന്നത്. ഇതിനു ശേഷം ഓടയിലെ മാലിന്യം നീക്കാൻ കഴിയും വിധം ചെറിയ സ്ലാബുകൾ സ്ഥാപിക്കും.




