കോട്ടയം: കാലഘട്ടത്തിന്റെ പ്രവാചകനെന്നും ക്രൈസ്തവസഭകളുടെ ബൗദ്ധിക ശബ്ദമെന്നും വിശേഷിപ്പിക്കപ്പെടുന്ന പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് ഇന്ന് സപ്തതിയുടെ നിറവ്. 70 വയസ്സ് പൂർത്തിയാകുമ്പോഴും നിറയൗവനത്തിന്റെ ചുറുചുറുക്കോടെ പാലാ രൂപതയെ ആത്മീയവും ഭൗതികവുമായ ഔന്നത്യങ്ങളിലേക്ക് നയിക്കുകയാണ് ഈ വലിയ ഇടയൻ.
1956 ജനുവരി 27-ന് കയ്യൂരിൽ ജനിച്ച അദ്ദേഹം 1982-ൽ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കവെയാണ് 2004-ൽ പാലാ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി നിയമിതനാകുന്നത്.
രൂപതയുടെ നവയുഗ മുന്നേറ്റത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് മാർ കല്ലറങ്ങാട്ട് നേതൃത്വം നൽകിയത്. ഭവനരഹിതർക്കായുള്ള ‘ഹോം പാലാ’ പദ്ധതി, ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കുന്ന ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി, കരുതലിന്റെ പ്രതീകമായ സാന്തോം ഫുഡ് പ്രോഡക്റ്റ് ഫാക്ടറി എന്നിവ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.
ദൈവശാസ്ത്രത്തിലും ആരാധനക്രമത്തിലും 40-ലധികം ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ പണ്ഡിതൻ കൂടിയാണ്. സി.ബി.സി.ഐ ഡോക്ട്രിനൽ കമ്മീഷൻ ചെയർമാൻ, റോമിൽ നടന്ന വിവിധ സിനഡുകളിലെ പ്രതിനിധി തുടങ്ങി നിരവധി ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം, സഭയും സമൂഹവും നേരിടുന്ന സമകാലിക വിഷയങ്ങളിൽ വ്യക്തമായ നിലപാടുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലോകശ്രദ്ധ നേടിയിട്ടുള്ള വ്യക്തിത്വമാണ്.










