അധികാരത്തിലേറിയത് മുതൽ യുഡിഎഫ് മോഹനസുന്ദര വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നൽകുന്നത് നാം കണ്ടിരുന്നു. അതിൽ ചിലതൊക്കെ പ്രാബല്യത്തിലായെങ്കിലും നിരവധി വിമർശനങ്ങളും പോരും നേരിടേണ്ടി വന്നിരുന്നു എന്നതാണ് വസ്തുത. എന്നാൽ ഒന്നിന് പുറകെ ഒന്നായി നിരവധി വിമര്ശനങ്ങളാണ് വി ഡി സതീശൻ സർക്കാരിന് ഇപ്പോഴും നേരിടേണ്ടി വരുന്നത്.
ഇന്നലെ മുതൽ കേരളം ചൂടുപിടിച്ച ഒരു ചർച്ചയായിലായിരുന്നു. അത് മറ്റൊന്നുമല്ല, കപ്പൽ നിർമാണ ശാല നിർമ്മിക്കാൻ ടാറ്റായുമായി പദ്ധതിയിട്ടു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെയായിരുന്നു അത്. കേരളത്തിൽ കപ്പൽ നിർമ്മാണ സംരംഭം ആരംഭിക്കാൻ ടാറ്റ ഗ്രൂപിന് മുഖ്യമന്ത്രി വിഡി സതീശൻ കത്ത് നൽകിയെന്നായിരുന്നു മുഖ്യമത്രി സ്വയം അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ പ്രഖ്യാപനം പാടെ തള്ളി ടാറ്റ ഗ്രൂപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ഇനി ഇതിനെ ഒന്ന് വിശദമായി പരിശോധിക്കാം. കേരളത്തിൽ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന തരത്തിലുള്ള പ്രസ്താവനയാണ് അവർ തന്നെ തള്ളിയിരിക്കുന്നത്. സംസ്ഥാനത്ത് കപ്പൽ നിർമ്മാണ സംരംഭത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായും ഇതുമായി ബന്ധപ്പെട്ട അനുമതിക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷ നൽകിയതായും ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു വി ഡി സതീശൻ പറഞ്ഞത്. നിക്ഷേപത്തിന് കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനുള്ളിൽ പദ്ധതി അംഗീകരിക്കുമെന്നുമായിരുന്നു സതീശന്റെ വാദം. എന്നാൽ കേരളത്തിലോ ദക്ഷിണേന്ത്യയിലൊരിടത്തുമോ അത്തരമൊരു നിർദ്ദേശമോ പദ്ധതിയോ പരിഗണനയിലില്ലെന്ന് ടാറ്റ ഗ്രൂപ്പിലെ മുതിർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ പറയുകയുണ്ടായി.
വാർത്ത പ്രചരിച്ചതോടെ പിന്നീട് ടാറ്റ ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ ഇത്തരമൊരു പദ്ധതി ഇപ്പോൾ കേരളത്തിലോ ദക്ഷിണേന്ത്യയിലെ മറ്റേതെങ്കിലും സ്ഥലത്തോ പരിഗണനയിലില്ലെന്ന് വ്യക്തമാക്കി ഉടൻ തന്നെ രംഗത്തെത്തി. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് സംശയങ്ങളും വിമർശനങ്ങളും ഉടലെടുക്കുകയായിരുന്നു. സതീശന്റെ പ്രസ്താവന കേട്ട് ഞെട്ടിയെന്നും പദ്ധതിക്കായി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ടാറ്റ വ്യക്തമാക്കി. കേരളത്തിൽ നിലവിൽ അത്തരം പദ്ധതികളൊന്നും ആലോചിച്ചിട്ടുപോലുമില്ലെന്ന് ടാറ്റ ഗ്രൂപ്പ് അധികൃതർ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
സതീശനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാൻ സാധ്യതയുണ്ടെന്നും അല്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഫലമുണ്ടെന്ന് കാണിക്കാൻ വേണ്ടിയുള്ള തത്രപ്പാടിൽ പറഞ്ഞതായിരിക്കാമെന്നുമുള്ള പരിഹാസവും സതീശന് നേരിടേണ്ടി വന്നു. മറ്റാർക്കുമറിയാത്ത കാര്യങ്ങൾ മുഖ്യമന്ത്രിക്ക് അറിയാമെന്നത് അത്ഭുതമാണെന്നും ടാറ്റ ഗ്രൂപ്പ് എസ്‌സിക്യൂട്ടീവ് പറഞ്ഞു. കേരളം മാരിടൈം ഹബ്ബാകുന്നതിൻ്റെ പുതിയ ചുവടുവെപ്പാണിതെന്നും സതീശൻ തട്ടിവിട്ടു. എന്നാൽ ടാറ്റ ഗ്രൂപ്പ് തന്നെ അവകാശവാദം നിഷേധിച്ച് രംഗത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലടക്കം നിശിതമായ പരിഹാസമാണ് സതീശനെതിരെ ഉയരുന്നത്.
ഇന്ത്യയിലെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമായി കണക്കാക്കപ്പെടുന്ന വിഴിഞ്ഞം തുറമുഖത്തിനായുള്ള മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എംഎസ്‌സി) 13,000 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശത്തിന് തൊട്ടുപിന്നാലെയായിരുന്നു സതീശന്റെ ഈ പ്രഖ്യാപനം.
എന്നാൽ അമിതമായി ജനങ്ങളെ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്ന ഒരു മുഖ്യമന്ത്രിയായി സതീശൻ ഇപ്പോഴേ മാറിയോ എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്. ഏതായാലും അപേക്ഷിക്കാത്ത പദ്ധതിയുമായി വീടും മുഖ്യമത്രി ജനങ്ങൾക്ക് മുന്നിൽ എത്തുമ്പോൾ അത് ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാകുമെന്ന് തന്നെ പറഞ്ഞു വെക്കേണ്ടി വരും. കന്നി ബഡ്ജറ്റിൽ തന്നെ അതിശയിപ്പിക്കുന്ന പ്രഖ്യാപനങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചായിരുന്നു യുഡിഎഫ് സർക്കാർ നിയമസഭയിൽ തിളങ്ങിയത്. എന്നാൽ അവ കൂടാതെ ഓരോ പദ്ധതികൾ ഇറക്കുകയും അവ പാടെ പൊളിയുകയും ചെയ്യുന്ന ഒരു പ്രവണതയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
പ്രിയദർശിനി പദ്ധതി മുതൽ ദാ ഇപ്പോൾ ടാറ്റായുടെ പേരിൽ വന്ന പ്രഖ്യാപനങ്ങൾ വരെ സതീശൻ സർക്കാരിന് ഒരു നെഗറ്റീവ് മുഖം നൽകുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. വെറും വാക്ക് പറയാനല്ല അധികാരത്തിലേറിയത് എന്ന് ഘോരം ഘോരം പറഞ്ഞു നടന്നിരുന്നു സതീശന് ടാറ്റായുടെ ഈ തുറന്നു പറച്ചിൽ വലിയ തിരിച്ചടി തന്നെയാണ് നൽകുന്നത്. ഇതിനോടകം അദ്ദേഹത്തിനെതിരെ ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
സതീശൻ ഇവിടെ പരിപാടി അവതരിപ്പിച്ചാലും ഇതൊക്കെ തന്നെയാണല്ലോ അവസ്ഥയെന്നതാണ് ഇപ്പോൾ കേരളത്തിൽ എങ്ങും കേൾക്കുന്നത്. ഇനി ഈ പരിഹാസത്തെ മറികടക്കാൻ എന്തൊക്കെയാകും അദ്ദേഹം കൊണ്ടുവരുക എന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്. ഇനിയും ഇത്തരം പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറക്കുമ്പോൾ അവ പ്രാവർത്തികമാക്കാൻ സാധിക്കുന്നത് തന്നെയാണോ എന്ന് ചിന്തിച്ച് പ്രവർത്തിക്കണം.











