കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണല പേതാട്ടിപ്പറമ്പ് വീട്ടിൽ അനന്ദു (27) ആണ് പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 0.556 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ കുറച്ചുനാളുകളായി അന്വേഷണസംഘം നിരീക്ഷിച്ചിരുന്നത്. കോടനാട് കാവുംപുറം മേഖലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന അനന്ദു രാത്രികാലങ്ങളിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.
പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ നേരത്തെയും ലഹരിമരുന്ന് കേസുണ്ടെന്ന് പോലീസ് അറിയിച്ചു. 2019-ൽ പാലക്കാട് എക്സൈസ് ഒന്നര കിലോ കഞ്ചാവുമായി അനന്ദുവിനെ പിടികൂടിയിരുന്നു.
പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കോടനാട് പോലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.




