കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ഒരു വർഷത്തിനുള്ളിൽ ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി നടത്തുന്ന 1,000 സ്കൂളുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്കൂളുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭാരതിയുടെ 74-ാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘ദേശീയതയിലൂന്നിയ പഠനം’ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു. മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിച്ചെന്നും വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തം വിദ്യാഭാരതി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ് ജില്ലകളിൽ കൂടുതൽ സ്കൂളുകൾ ആരംഭിക്കണമെന്നും വിദ്യാഭാരതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ മേഖലകളിൽ ‘രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ’ കൂടുതലാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
വിദ്യാഭ്യാസ വകുപ്പിൽ ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി മുന്നോട്ടുവച്ച ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു നേതാവ്’ എന്ന ആശയം നടപ്പാക്കണമെന്ന നിലപാടും സുവേന്ദു അധികാരി മുന്നോട്ടുവച്ചു.
അതേസമയം, വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കാൻ തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സർക്കാർ സഹായം നിർത്തിവെക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് മാത്രം പോരെന്നും ഗാനം പൂർണമായി ആലപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പിനായിരിക്കെ, ആലിയ സർവകലാശാലയുടെ മാത്രം ഭരണച്ചുമതല മറ്റൊരു വകുപ്പിന്റെ കീഴിൽ തുടരുന്ന സംവിധാനം സർക്കാർ അനുവദിക്കില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു. നിലവിൽ ആലിയ സർവകലാശാലയുടെ ഭരണനിർവഹണം ന്യൂനപക്ഷകാര്യ വകുപ്പിന്റെ കീഴിലാണ്.












