കൊച്ചി: ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബർ 23ലേക്ക് മാറ്റി. നേരത്തെ സെപ്റ്റംബർ 20ന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് മാറ്റിയത്.
ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറ്റിയ വിവരം അറിയിച്ചത്. കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുകയാണെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു.
2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നിവരുടെ സാന്നിധ്യമാണ് മത്സരത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം ബ്രസീലിന്റെ മുൻനിര താരങ്ങളായ എഡ്മിൽസൺ, ജിയോവാനി, ജൂനിയർ, വിയോള, ജോർജീഞ്ഞോ, അമരൽ, പാരാ തുടങ്ങി നിരവധി താരങ്ങളും ബ്രസീൽ ലെജൻഡ്സ് ടീമിന്റെ ഭാഗമാകും.
ഇന്ത്യൻ ഫുട്ബോളിന്റെ മുൻനിര താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവർ ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമിനായി കളത്തിലിറങ്ങും.
ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് നഗരങ്ങളിലായി നടക്കുന്ന ബ്രസീൽ മുൻ താരങ്ങളുടെ ഗ്ലോബൽ ടൂറിന്റെ ഭാഗമായാണ് കൊച്ചിയിലും മത്സരം നടക്കുന്നത്.
സൂപ്പർതാരങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന പോരാട്ടത്തിനായി കൊച്ചി ഒരുങ്ങുമ്പോൾ മത്സരം ഫുട്ബോൾ ആരാധകർക്ക് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


