കോട്ടയം: ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ ആൻഡ് മാതാ നഴ്സറി സ്കൂളിന്റെ വാർഷികം, അധ്യാപക രക്ഷാകർതൃ ദിനം, പ്ലാറ്റിനം ജൂബിലി സമാപനം എന്നിവ സംയുക്തമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം സഹകരണ-തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സ്കറിയ ചൂരപ്പുഴ അധ്യക്ഷത വഹിച്ചു.
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാദർ ആന്റണി മൂലയിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സാറാമ്മ ജോസഫ് സ്വാഗതവും ജോസ് ജോസഫ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ഷിജി ജോബി, ഏറ്റുമാനൂർ എ.ഇ.ഒ ശ്രീജ പി. ഗോപാൽ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെ.ടി. തോമസ്, പി.ടി.എ പ്രസിഡന്റ് സജോ മോൻ ജോസഫ്, സ്കൂൾ ലീഡർ അയോണ പി. അജോ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു. മാതാ നഴ്സറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നോയൽ നന്ദി രേഖപ്പെടുത്തി. ഔദ്യോഗിക സമ്മേളനത്തിന് ശേഷം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.






