തൃശ്ശൂർ: കരിക്കാട് പാടത്ത് വിഷുവിനെ ലക്ഷ്യമിട്ട് വിപുലമായ ജൈവ പച്ചക്കറി കൃഷിയുമായി മുസ്തഫ മാതൃകയാകുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിച്ചിരുന്ന മുസ്തഫ, പിന്നീട് സമഗ്രമായ കൃഷിയിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.ഏകദേശം 10 ഏക്കർ ഭൂമിയിലാണ് കരിക്കാട് പാടത്ത് വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്നത്.
ഇതിൽ 5 ഏക്കർ സ്ഥലത്ത് തണ്ണീർ മത്തൻ മാത്രമാണ് കൃഷിയിറക്കിയിരിക്കുന്നത്. നാടൻ തണ്ണീർ മത്തനും കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തനുമാണ് പ്രധാനമായും ഇവിടെ വളർത്തുന്നത്. ശേഷിക്കുന്ന 5 ഏക്കറിൽ കണിവെള്ളരി, പയർ, മത്തൻ, ഇളവൻ, ചീര തുടങ്ങി വിവിധ ഇനം പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്.നൂതനവും ശാസ്ത്രീയവുമായ കൃഷി സമ്പ്രദായങ്ങളാണ് മുസ്തഫ ഇവിടെ ഉപയോഗിക്കുന്നത്.
സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറി കൃഷിയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിക്ക് നാട്ടുകാരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി മുസ്തഫയുടെ കൃഷിയിടത്തിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു.നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തത് കാർഷിക മേഖലയിലെ സജീവ സാന്നിധ്യവും വിവിധ കാർഷിക അവാർഡുകളുടെ ജേതാവുമായ എം. ബാലാജി, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ആയിരുന്നു.
കടവല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം അഫ്സൽ ആലുങ്ങൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ പ്രതീഷ് അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ മിനു തോമസ് ആധുനിക കൃഷി രീതികളെക്കുറിച്ച് വിശദമായി സംസാരിച്ചു. കരിക്കാട് കിഴക്ക് ബ്രാഞ്ച് സെക്രട്ടറി പി. കെ. മുരളി, കരിക്കാട് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി ഷബീർ എ. വി, കൃഷി അസിസ്റ്റന്റ് ഓഫീസർ റോണിതുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.




