കൊല്ലം: അനധികൃത മദ്യവിൽപ്പന നടത്തുന്ന പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം 3 പേർ പിടിയിൽ. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്. റിപ്പബ്ലിക് ദിനത്തിൽ ഏറം ജംഗ്ഷനു സമീപം അനധികൃത മദ്യ വിൽപന നടത്തിയതിന് ബിജുവിനെതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ബിജുവിനെ പിടികൂടാൻ എക്സൈസ് സംഘം ഇന്നലെ എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടുകയായിരുന്നു. കണ്ടാൽ അറിയാവുന്ന മറ്റ് ചിലരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവർക്കായും അന്വേഷണം ആരംഭിച്ചു.






