കോട്ടയം: തലയോലപറമ്പിൽ വച്ച് സ്കൂൾ കുട്ടിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് പാലാംകടവ് ആലിൻചുവട്ടിൽ എസ്. ജയകുമാറിന്റെ മകൾ അതിഥിയെയാണ് കഴിഞ്ഞ വ്യാഴാഴ്ച തെരുവുനായ ആക്രമിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുറത്തുനിന്നും ഓടി എത്തിയ തെരുവുനായ ആക്രമിച്ചത്. വലതു കൈപ്പത്തിയിലും കൈത്തണ്ടയിലും നിരവധി കടിയേറ്റു. അതിഥിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ശാന്തിനികേതൻ എൽ.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ് അതിഥി. അതിഥിയെ കടിച്ച നായയെ നായപിടുത്തക്കാരുടെ സഹായത്തോടെ പിടികൂടി നിരീക്ഷണത്തിലാക്കി.
ശനിയാഴ്ച തെരുവുനായ ചത്തു. പോസ്റ്റുമോർട്ടത്തിനുശേഷം പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിൾ തിരുവല്ലയിലെ വൈറോളജി ലാബിലേക്ക് അയച്ചു. ബുധനാഴ്ചയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത തെരുവുനായയാണിതെന്ന് നാട്ടുകാർ പറയുന്നു. ആലിൻചുവട്, തട്ടാവേലി ഭാഗങ്ങളിൽ പത്തിൽ അധികം തെരുവുനായ്ക്കൾ അലയുന്നുണ്ടെന്നും ഇവയെ പിടികൂടി നിരീക്ഷണത്തിലാക്കണമെന്നും പ്രദേശവാസിയായ എം.ടി. സുനിൽ പറഞ്ഞു.
തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ വളർത്തുനായകൾക്ക് വാക്‌സിനേഷൻ ക്യാമ്പ് നടത്തുമെന്ന് മറവൻതുരുത്ത് മൃഗാശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ശരത്കൃഷ്ണൻ അറിയിച്ചു.






