പാലക്കാട്: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച 2 യുവാക്കളെ ഷൊർണൂർ പൊലീസ് പിടികൂടി. പൊതുവാൾ ജംഗ്ഷൻ സമീപമുള്ള വീടിൻ്റെ മുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് രണ്ടു പേർ അറസ്റ്റിലായത്. തിരൂർ കല്ലിങ്ങൽ വീട്ടിൽ മുഹമ്മദ് ഷാമിൽ , മലപ്പുറം തലക്കടത്തൂർ മണ്ടകത്തിങ്കൽ ഫയാസ് എന്നിവരെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റുചെയ്തത്.
ഈ മാസം 8 ന് പുലർച്ചെ ആലത്തൂർ നിവാസിയായ ശ്രീജിത്തിൻ്റെ ബൈക്കാണ് മുഹമ്മദ് ഷാമിൽ മോഷ്ടിച്ചത്. കേസെടുത്ത ഷൊർണൂർ പൊലീസ് ശാസ്ത്രീയമായ അന്വേഷണ രീതിയിലൂടെ ഇരു ചക്ര വാഹനം മോഷ്ടിച്ചത് മുഹമ്മദ് ഷാമിലാണെന്ന് കണ്ടെത്തിയത്. വാഹനം മോഷ്ടിച്ചതാണെന്ന് അറിഞ്ഞു കൊണ്ട് തുഛമായ വിലക്ക് വാങ്ങി ഫയാസ് മറ്റൊരു റജിസ്ട്രേഷൻ നമ്പർ ഘടിപ്പിച്ചു ഉപയോഗിച്ചു വരുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഷൊർണൂർ പൊലീസ് ഇൻസ്പെക്ടർ വി രവികുമാർ, എസ് ഐ കെ ആർ മോഹൻദാസ്, എസ് സിപിഒമാരായ അരുൺ, സജീഷ്, സിപിഒമാരായ സുജിശേഖർ, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






