ഗ്യാനേഷ് കുമാറിന്റെ രാജിക്ക് വേണ്ടി ഡൽഹിയിൽ നടക്കുന്ന സമരങ്ങൾ നമുക്കറിയാം. അതിന് മുമ്പ് നീറ്റ് വിഷയത്തിലും ഇന്ത്യയിലെ യുവത്വം തെരുവിലിറങ്ങിയതാണ്. പക്ഷേ ഇന്ത്യയിൽ മാത്രമാണോ ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ തെരുവിലിറങ്ങിയിരിക്കുന്നത്? അല്ല. ഫ്രാൻസും അതിരൂക്ഷമായ പ്രതിഷേധച്ചൂടിൽ പുകയുന്ന വാർത്തകൾ ഈ ദിവസങ്ങളിൽ ചിലരെങ്കിലും കണ്ടുകാണും. അതുപോലെ യുറോപ്പിലെ മിക്ക രാജ്യങ്ങളിലും അസ്വസ്ഥതകൾ ഉടലെടുത്ത് തുടങ്ങിയിട്ടുണ്ട്. യൂറോപ്പിലുടനീളം ജീവിതച്ചെലവ് കൂടുന്നതിനാൽ ശനിയാഴ്ച ബെൽജിയം, പോർച്ചുഗൽ, ഇറ്റലി എന്നിവിടങ്ങളിലും ചെറിയ പ്രതിഷേധങ്ങൾ നടന്നു. സര്‍ക്കാര്‍ അഴിമതി, തൊഴിലില്ലായ്മ, മോശം വിദ്യാഭ്യാസ നിലവാരം എന്നിവ ആരോപിച്ച് അൽബേനിയയിൽ പ്രകടനക്കാര്‍ തെരുവിലിറങ്ങി
പക്ഷേ ഫ്രാൻസീലേതാണ് ഏറ്റവും രൂക്ഷമായ രീതിയിലേക്ക് മാറിയത്. എന്താണ് ഫ്രാൻസിലെ പ്രശ്നം? എന്തുകൊണ്ടാണ് ഫ്രഞ്ച് യുവത്വം തെരുവിലിറങ്ങിയത്? നോക്കാം….
ജീവിതച്ചെലവ് വര്‍ധിക്കുന്നതിലും സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ തീയിട്ടതിനെ തുടർന്ന് ഫ്രഞ്ച് നഗരമായ ലിമോഷിലെ 143 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ നഗരസഭാ മന്ദിരം ഭൂരിഭാഗവും നശിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,400ലേറെ പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. കടകളും പൊതുമന്ദിരങ്ങളും ആക്രമിക്കപ്പെട്ടതിനു പിന്നാലെ സുരക്ഷ ശക്തമാക്കാനും കൂടുതല്‍ അക്രമങ്ങള്‍ തടയാനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പ്രാദേശികമായി നിയന്ത്രിത കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചകള്‍ പരിശോധിക്കാനും ഉത്തരവാദികളെ കണ്ടെത്താനും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിര്‍ദേശിച്ചു. രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച ആഭ്യന്തരമന്ത്രി ലോറന്റ് ന്യൂനസിന്റെ രാജി മാക്രോണ്‍ നിരസിക്കുകയും ചെയ്തു.
ജീവിതച്ചെലവിലെ വര്‍ധന, പൊതുസേവനങ്ങളുടെ നിലവാരത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളി യൂണിയനുകളും വിദ്യാര്‍ഥി സംഘടനകളും ആക്ടിവിസ്റ്റുകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. 2018ല്‍ ഫ്രാന്‍സില്‍ ശക്തമായ യെല്ലോ വെസ്റ്റ് പ്രക്ഷോഭത്തിന്റെ മാതൃകയില്‍ പ്രതിഷേധം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച നടന്ന പ്രകടനങ്ങളില്‍ ഏകദേശം 5.5 ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് അധികൃതരുടെ കണക്ക്. സംഘാടകര്‍ പറയുന്നത് എട്ടുലക്ഷം പേര്‍ പങ്കെടുത്തെന്നാണ്.
കലാപത്തിനിടെ ലിമോജിലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ നഗരസഭാ മന്ദിരത്തിന് തീപിടിച്ചു. തീ പടര്‍ന്നതോടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയും മന്ദിരം ഏതാണ്ട് പൂര്‍ണമായി നശിക്കുകയും ചെയ്തു. മാര്‍സെയിലെ നഗരസഭാ മന്ദിരത്തിന്റെ പ്രവേശനഭാഗത്തേക്ക് പ്രതിഷേധക്കാരില്‍ ചിലര്‍ അതിക്രമിച്ചുകയറി. നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനും കേടുപാടുകള്‍ സംഭവിച്ചു. ലിയോണിലെ ടൂറിസ്റ്റ് ഓഫീസിനുള്ളിലും തീപിടിത്തമുണ്ടായി. പാരിസില്‍ ഞായറാഴ്ച മാലിന്യക്കൂമ്പാരങ്ങള്‍ക്കും സൈക്കിളുകള്‍ക്കും മറ്റു വസ്തുക്കള്‍ക്കും തീയിട്ടു. നിരവധി നഗരങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.
തലസ്ഥാനത്ത് മാത്രം ഞായറാഴ്ച ഏകദേശം 30 കടകള്‍ ആക്രമിക്കപ്പെട്ടു. ഫ്രാന്‍സിലാകെ 2,000ത്തിലേറെ കടകളെ അക്രമം ബാധിച്ചിരിക്കാമെന്നും നൂറുകണക്കിന് ദശലക്ഷം യൂറോയുടെ നാശനഷ്ടമുണ്ടായിരിക്കാമെന്നും ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പറഞ്ഞു. പൊലീസുകാരും അഗ്‌നിരക്ഷാസേനാംഗങ്ങളും ഉള്‍പ്പെടെ സുരക്ഷാ വിഭാഗങ്ങളിലെ ഏകദേശം ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ഫ്രാന്‍സിലെ പ്രതിഷേധത്തിനിടെ 17കാരിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടതായും സെന്റ് എറ്റിയേനില്‍ മറ്റൊരു യുവാവിന് കൈ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് ഉപയോഗിച്ച ഗ്രനേഡുകളും മറ്റ് ഉപകരണങ്ങളും സംബന്ധിച്ചും പരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമങ്ങള്‍ക്ക് പിന്നില്‍ തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരും കൊള്ളസംഘങ്ങളുമാണെന്നാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ ആരോപണം. തീവ്രവാദികളുടെയും സംഘടിത കുറ്റകൃത്യസംഘങ്ങളുടെയും ഭീഷണികളെ നേരിടുന്നതില്‍ സുരക്ഷാസേനകള്‍ക്ക് മികവുണ്ടെങ്കിലും തീവ്ര ഇടതുപക്ഷ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാനാകുന്നില്ലെന്ന് സർക്കാർ സമ്മതിക്കുന്നു. ഇതിനിടെ മറ്റൊരു തരത്തിലും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഫ്രാൻസിലെ കലാപവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വീഡിയോകളിൽ അധികവും കാണുന്നത് പലസ്തീന്റെയും മൊറോക്കോയുടെയും അൾജീരിയുടെയും എല്ലാം പതാകകളാണ്. മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് സംഘടിതമായ രീതിയിൽ ഈ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്നതെന്ന് ഊഹിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. ഫ്രാൻസിൽ എന്ത് കൊണ്ട് ഫ്രഞ്ച് പതാക ഉയർത്തി ഇവർ പ്രതിഷേധിക്കുന്നില്ല…? എന്നിങ്ങനെ നീളുന്നു ചില ഉത്തരമില്ലാത്ത ചോദ്യങ്ങൾ. കുടിയേറ്റക്കാരെ തന്നെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപും കുറ്റപ്പെടുത്തുന്നത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ യൂറോപ്പ് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധത്തിന്റെ മറവിൽ സ്വന്തം അജണ്ടയുമായി അഴിഞ്ഞാടുന്നത് ആരാണെന്ന് മനസിലാക്കാൻ ആ കലാപ വീഡിയോകൾ ശ്രദ്ധിച്ചാൽ മതിയെന്നും ഇസ്ലാമിസ്റ്റുകൾ ഉടൻ ഫ്രാൻസ് പിടിച്ചെടുക്കുമെന്നും തരത്തിൽ സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുകൾ കത്തുകയാണ്.
എന്നാല്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത കുടിയേറ്റക്കാരെയും അക്രമത്തെയും ബന്ധിപ്പിക്കുന്ന ഔദ്യോഗിക തെളിവുകളൊന്നും റിപ്പോര്‍ട്ടുകളില്‍ നല്‍കിയിട്ടില്ല എന്നതും കൂട്ടി വായിക്കണം. അതിനാല്‍ കുടിയേറ്റക്കാരാണ് കലാപത്തിന് പിന്നിലെന്ന തരത്തിലുള്ള നിഗമനത്തിന് നിലവിലെ വിവരങ്ങള്‍ അടിസ്ഥാനമാകുന്നില്ല. കലാപം എത്രയും പെട്ടെന്ന് അവസാനിക്കുമെന്നും യഥാർത്ഥ കാരണം സർക്കാർ കണ്ടെത്തുമെന്നും വിശ്വസിക്കാം.




